കൊല്ലം: നെടുവത്തൂരിലെ സ്കൂൾ ഗേറ്റിന് മുന്നിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും, സെക്യൂരിറ്റി ജീവനക്കാരൻ ഒരു പ്രധാന അധ്യാപികയെ തടയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവർ ആരോപിച്ചു. കുട്ടികളുടെ മുന്നിൽ നേരിട്ട സംഭവം മാനസികമായി തളർത്തിയതായും സിന്ധു പറഞ്ഞു.
കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് ഇന്നലെ സംഭവം നടന്നത്. രാവിലെ സ്കൂളിലെത്തിയ പ്രധാന അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറക്കാതെ തടഞ്ഞു. ചുരിദാർ ധരിച്ചെത്തിയതിനാൽ സ്കൂളിൽ പ്രവേശിപ്പിക്കരുതെന്ന് മാനേജർ നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരന്റെ വിശദീകരണം.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇടപെട്ടതോടെയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. മുൻദിനം ഓഫീസ് റൂമിലെത്തി മാനേജർ സുരേഷ് കുമാർ ചുരിദാർ ധരിച്ച് സ്കൂളിൽ വരരുതെന്ന് അറിയിച്ചിരുന്നുവെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർക്ക് ചുരിദാർ ധരിക്കുന്നത് വിലക്കാനാകില്ലെന്നും, അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. അതേസമയം, വസ്ത്രത്തിന്റെ പേരിൽ ആരെയും തടയാൻ നിർദ്ദേശിച്ചിട്ടില്ലെന്നാണ് മാനേജറുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






