കാബൂൾ: ഗാർഹികപീഡനം നിയമാനുസൃതമാക്കാനുള്ള ക്രിമിനൽ നീക്കവുമായി താലിബാൻ. എല്ലുകൾ ഒടിയുകയോ തുറന്ന മുറിപ്പാടുകൾ ഉണ്ടാകുകയോ ഇല്ലാത്തപക്ഷം പീഡനപരാതി നിലനിൽക്കില്ല. ഇതിനായി പുതിയ ക്രിമിനൽ നിയമം താലിബാൻ അവതരിപ്പിച്ചു. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് നിയമപരമായി അനുവദിക്കാനാണ് സംഘടനയുടെ നീക്കം.
താലിബാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ ഒപ്പിട്ട പുതിയ നിയമപ്രകാരം കുറ്റവാളി സ്വതന്ത്രനാണോ അതോ അടിമയാണോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള ശിക്ഷകൾ അനുവദിക്കുന്ന ഒരുതരം ജാതിവ്യവസ്ഥ സൃഷ്ടിക്കുന്നു. ബലപ്രയോഗം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രത്യക്ഷമായ അസ്ഥിഭംഗമോ മുറിവുകളോ വരുത്തിയാൽ ഭർത്താവിന് 15 ദിവസത്തെ ജയിൽശിക്ഷ മാത്രമേ ലഭിക്കൂ. കൂടാതെ, കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ സ്ത്രീക്ക് സാധിച്ചാൽ മാത്രമേ പുരുഷൻ ശിക്ഷിക്കപ്പെടുകയുള്ളൂ. ശരീരം പൂർണമായി മറച്ച് മുറിവുകൾ കോടതിയിൽ പ്രദർശിപ്പിക്കണം എന്നാണ് വ്യവസ്ഥ. പരാതിക്കാരിയുടെ ഭർത്താവോ പുരുഷനായ ഒരു സംരക്ഷകനോ പരാതിക്കാരിയോടൊപ്പം കോടതിയിൽ ഉണ്ടാകണം. മറുവശത്ത്, ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീയ്ക്ക് മൂന്നുമാസം വരെ ജയിൽശിക്ഷ ലഭിക്കാം.
നിയമത്തിന്റെ 9-ാം അനുച്ഛേദം അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു- മതപണ്ഡിതന്മാർ (ഉലമ), ഉന്നതർ (അഷ്‌റഫ്), ഇടത്തരം വർഗം, താഴ്ന്ന വർഗം. ഒരേ കുറ്റത്തിനുള്ള ശിക്ഷ കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ അനുസരിച്ചല്ല മറിച്ച് പ്രതിയുടെ സാമൂഹികനില അനുസരിച്ചാണ് തീരുമാനിക്കുന്നത്. ഒരു ഇസ്ലാമിക മതപണ്ഡിതൻ കുറ്റം ചെയ്താൽ ഉപദേശം മാത്രമായിരിക്കും ശിക്ഷ. കുറ്റവാളി ഉന്നത വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് സമൻസ് അയക്കുകയും ഉപദേശം നൽകുകയും ചെയ്യും. ഇടത്തരം വർഗക്കാർക്ക്, ഇതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കുന്നു. എന്നാൽ താഴ്ന്ന വർഗത്തിൽപ്പെട്ട വ്യക്തികൾക്ക് തടവുശിക്ഷയും ശാരീരികശിക്ഷയും ലഭിക്കും. ഗുരുതരമായ കുറ്റങ്ങൾക്ക് ശാരീരികശിക്ഷ നൽകുന്നത് ഇസ്ലാമിക പുരോഹിതരായിരിക്കും.
90 പേജുള്ള പുതിയ ക്രിമിനൽനിയമം സ്ത്രീകളോടുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള 2009ലെ നിയമം റദ്ദാക്കി. യുഎസ് പിന്തുണയുള്ള ഭരണകൂടം അവതരിപ്പിച്ച നിയമമാണ് റദ്ദാക്കിയത്. പുതിയ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ഒരു കുറ്റമാണെന്ന് നിയമം അനുശാസിക്കുന്നതായി ദ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
പുതിയ ക്രിമിനൽ നിയമം നടപ്പിലാക്കുന്നത് ഉടനടി നിർത്തലാക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ട് മനുഷ്യവകാശസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.




