പാലക്കാട്: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ആറ്റൂർ ഭഗവതികുണ്ടിൽ സ്വദേശിയായ സാരജ് ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ വാഴക്കോട് സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്.
പട്ടാമ്പിയിലെ സുഹൃത്തിനെ വീട്ടിൽ എത്തിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. അപ്രതീക്ഷിതമായി കാട്ടുപന്നി റോഡിലേക്ക് ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് റോഡരികിലെ മരക്കുറ്റിയിൽ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം.
സംസ്ഥാന പാതയുടെ വീതികൂട്ടൽ, പുതുക്കിപ്പണിയൽ പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചിട്ടിരുന്ന മരങ്ങൾ പല ഭാഗങ്ങളിലും നീക്കം ചെയ്യാതിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.




