ഇന്ന് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായക ദിനം. ഇന്നലെ നടന്ന മാരത്തൺ ശ്രമം കൊണ്ടും DMK അധ്യക്ഷൻ MK സ്റ്റാലിനെ അനുനയിപ്പിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിയാതെ പോയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായക ഏടായി മാറാൻ പോവുകയാണ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ തിങ്കളാഴ്ച മണ്ഡല പുനർനിർണയ ബിൽ പാക്കേജ് അവതരിപ്പിക്കാനൊരുങ്ങുന്ന നരേന്ദ്ര മോദി സർക്കാരിന് ഡിഎംകെയുടേയും എൻസിപിയുടേയും പിന്തുണ അത്യന്തം നിർണായകമാണ്. കഴിഞ്ഞ ഏപ്രിലിൽ 54 വോട്ടുകളുടെ കുറവിൽ പരാജയപ്പെട്ട ബിൽ പാസാക്കിയെടുക്കാൻ എട്ട് മാസത്തിനിടെ ബിജെപി നടത്തിയ രഹസ്യ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ബില്ല് പാസാകാനുള്ള ഭൂരിപക്ഷമുണ്ട് എന്ന് തന്നെയാണ് ബിജെപിയുടെ ഉറപ്പ്, 371 വോട്ടുകൾ കിട്ടുമെന്നും എട്ടുവോട്ടുകൾ അധികം ലഭിച്ച് ഡീലിമിറ്റേഷൻ ബില്ല് പാസാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കേന്ദ്രം സർക്കാർ
12 വർഷത്തെ മോദി ഭരണത്തിനിടെ പാർലമെന്റിൽ സർക്കാർ ബിൽ പരാജയപ്പെടാൻ കാരണമായ കക്ഷികളെ കൊണ്ട് തന്നെ ഇപ്പോൾ ബില്ലിനെ പിന്തുണയ്ക്കാൻ തക്കവണ്ണം എന്ത് കരുനീക്കങ്ങളായിരിക്കും ബിജെപി നടത്തിയതെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് കോൺഗ്രസ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളും വോട്ട് മോഷണം ആരോപിച്ചുള്ള പ്രതിപക്ഷ പ്രചാരണങ്ങളും കാരണം പ്രതിരോധത്തിലായിരുന്ന കേന്ദ്ര സർക്കാരിന് ഈ നീക്കം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. DMKയും NCPയും മാത്രമല്ല, JMMഉം മറുകണ്ടം ചാടിയിരിക്കുകയാണ്.
ഇന്ത്യ സഖ്യത്തിന്റെ ചെന്നൈ മിഷൻ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു അനുനയ നീക്കമായി കാണേണ്ടി വരും. ഇന്ത്യ സഖ്യത്തിലെ സകല നേതാക്കളും ചെന്നൈ വരെ പോയി കണ്ടിട്ടും സ്റ്റാലിനെ അനുനയിപ്പിക്കാനാവാതെ പോയത് കോൺഗ്രസിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് തോൽവിയേക്കാൾ വലിയ തോൽവിയായി കാണേണ്ടി വരും. സോണിയ ഗാന്ധി, ഖർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ 3 മുഖ്യമന്ത്രിമാർ അടക്കം രാജ്യത്തെ പ്രധാന 14 നേതാക്കളാണ് സ്റ്റാലിനെ കാണാൻ പോയത്. അതൊന്നും തന്റെ തീരുമാനത്തെ ഒരു തരത്തിലും ബാധിക്കില്ല എന്ന് നിലപാട് എടുക്കുകയായിരുന്നു.
ബിജെപിയുടേത് ഒറ്റ രാത്രി കൊണ്ട് ഉണ്ടാക്കിയ വിജയമല്ല, അവർ ഇതിനുള്ള വെടിക്കോപ്പുകൾ കൂട്ടിത്തുടങ്ങിയിട്ട് നാളേറെയായി. ഒരു വർഷം മുമ്പ് തന്നെ കേന്ദ്ര സർക്കാർ മധ്യസ്ഥർ വഴി ഡിഎംകെയുമായി ചർച്ചകൾ തുടങ്ങിയിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭയിലെ തമിഴ്‌നാടിന്റെ പ്രാതിനിധ്യം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാമെന്ന് ഏപ്രിലിൽ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തയ്യാറായില്ല. ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മണ്ഡല പുനർനിർണയത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയും, ഏപ്രിൽ 16ന് ബില്ലിന്റെ പകർപ്പ് കത്തിച്ച് ഇതിനെ കരിനിയമം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർധിപ്പിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏപ്രിൽ 16, 17 തീയതികളിൽ ലോക്‌സഭയെ അറിയിച്ചിട്ടും ഡിഎംകെ വഴങ്ങിയില്ല. എന്നാൽ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.
പരമ്പരാഗത എതിരാളികളായ AIDMKയോട് അല്ല, മറിച്ച് നടൻ വിജയിയുടെ പുതിയ പാർട്ടിയായ TVKയോടാണ് ഡിഎംകെ പരാജയപ്പെട്ടത്. 234 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 10 സീറ്റ് കുറവായി 108 സീറ്റുകൾ ടിവികെ നേടിയപ്പോൾ 54 സീറ്റുകളുമായി ഡിഎംകെ രണ്ടാം സ്ഥാനത്തായി. ഇതിന് പിന്നാലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് ഡിഎംകെയെ വിട്ട് വിജയിയുടെ സർക്കാരിനൊപ്പം ചേർന്നു. 59 വർഷത്തിന് ശേഷം രണ്ട് മന്ത്രിമാരുമായി കോൺഗ്രസ് തമിഴ്‌നാട്ടിൽ അധികാര പങ്കാളികളായതോടെ പ്രകോപിതരായ ഡിഎംകെ, കോൺഗ്രസുമായും ഇൻഡ്യ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങളിൽ നിന്ന് മാറ്റി തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി കരുണാനിധി മെയ് ഏഴിന് സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകിയിരുന്നു. ഈ ആവശ്യം ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബില്ലുകളിൽ വരുത്തിയ മാറ്റങ്ങളോടെയാണ് ഡിഎംകെയുടെ 22 ലോക്‌സഭാ എംപിമാരുടെയും എട്ട് രാജ്യസഭാ എംപിമാരുടെയും പിന്തുണ ഉറപ്പായത്. തമിഴ്‌നാട് ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും നിലവിലുള്ള സീറ്റ് അനുപാതം നിലനിർത്തിക്കൊണ്ട് 50 ശതമാനം വർധനവ് മാത്രം വരുത്തുക, 2051 വരെ അടുത്ത 25 വർഷത്തേക്ക് ഈ എണ്ണം മരവിപ്പിക്കുക എന്നീ ഡിഎംകെയുടെ രണ്ട് പ്രധാന ആവശ്യങ്ങളും കേന്ദ്രം രേഖാമൂലം അംഗീകരിച്ചു. ഇതോടെ ശനിയാഴ്ച ചെന്നൈയിൽ എംപിമാരുടെ യോഗത്തിന് ശേഷം, അടുത്ത 25 വർഷത്തേക്ക് തമിഴ്‌നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം സംരക്ഷിക്കാനുള്ള ശ്രമത്തിൽ പാർട്ടി വിജയിച്ചതായി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
സഹോദരൻ എന്ന് അഭിസംബോധന ചെയ്ത് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് വൈകാരികമായിട്ടായിരുന്നു സ്റ്റാലിന്റെ മറുപടി. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താൽപ്പര്യങ്ങൾക്കാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും, ചരിത്രം തങ്ങളെ ‘എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ്’ വിലയിരുത്തുകയെന്നും കുറിച്ച സ്റ്റാലിൻ ഒരു ചരിത്രം കൂടി കോൺഗ്രസിനെ ഓർമിപ്പിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കൊപ്പം മത്സരിച്ച് ജയിച്ച ശേഷം ടിവികെ മന്ത്രിസഭയിൽ അംഗമാകാനുള്ള കോണ്ഗ്രസ് തീരുമാനം അവരെ അത്രത്തോളം തകർത്തിട്ടുണ്ട്. ഇതേതുടർന്നായിരുന്നു ഇന്ത്യ സഖ്യം വിടാൻ ഡിഎംകെ തീരുമാനിച്ചത്.
ഇനി ആരാണ് ഈ എട്ടപ്പനും കട്ടബൊമ്മനും എന്നറിയാമോ, തമിഴ് രാഷ്ട്രീയത്തിലും ചരിത്രത്തിലും ധീരതയുടെയും വഞ്ചനയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്ന രണ്ട് പേരുകളാണ് വീരപാണ്ഡ്യ കട്ടബൊമ്മനും എട്ടപ്പനും.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള പാഞ്ചാലംകുറിച്ചിയിലെ നാടുവാഴിയായിരുന്നു കട്ടബൊമ്മൻ. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ബ്രിട്ടീഷുകാർക്ക് കപ്പം നൽകാൻ വിസമ്മതിക്കുകയും ഒന്നാം പാളയക്കാർ യുദ്ധത്തിൽ അവർക്കെതിരെ ധീരമായി പോരാടുകയും ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം. ഒടുവിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായ കട്ടബൊമ്മനെ 1799 ഒക്ടോബർ 16-ന് കയത്താറിൽ വെച്ച് തൂക്കിലേറ്റി.
പാഞ്ചാലംകുറിച്ചിയുടെ അയൽപ്രദേശമായ എട്ടയപുരത്തെ ഭരണാധികാരിയായിരുന്നു എട്ടപ്പൻ എന്ന എട്ടപ്പ നായ്ക്കർ. കട്ടബൊമ്മനുമായുണ്ടായിരുന്ന പ്രാദേശിക തർക്കങ്ങളും വൈരാഗ്യവും കാരണം എട്ടപ്പൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കൈകോർത്തു. പാഞ്ചാലംകുറിച്ചി കോട്ട വിട്ട് ഒളിവിൽ പോയ കട്ടബൊമ്മനെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷുകാർക്ക് ചോർത്തി നൽകിയത് എട്ടപ്പനാണെന്ന് ചരിത്രരേഖകൾ പറയുന്നു
ഈ ചരിത്രസംഭവത്തെത്തുടർന്ന് ‘എട്ടപ്പൻ’ എന്ന പേര് സ്വന്തം നാടിനെയോ കൂട്ടാളികളെയോ ഒറ്റുകൊടുക്കുന്നയാൾ എന്ന അർഥത്തിലുള്ള പ്രയോഗമായി മാറി. അതെ, കോൺഗ്രസ് ഇപ്പോൾ DMKയുടെ മനസിൽ ഒറ്റുകാരാണ്.
ഇനി ശരദ് പവാറിനെ ഒപ്പം നിർത്തിയ തന്ത്രങ്ങൾ നോക്കാം
മഹാരാഷ്ട്രയിൽ അജിത് പവാറിനെ ഒപ്പം കൂട്ടി പിളർത്തിയെന്ന് ആരോപിക്കപ്പെടുന്ന ശരദ് പവാറിന്റെ എൻസിപി (എസ്പി) വിഭാഗത്തെയും ബിജെപി ഒപ്പം നിർത്തി. ജനുവരിയിൽ അജിത് പവാറിന്റെ മരണശേഷം പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഭാര്യ സുനേത്ര പവാറും മകൻ പാർഥ് പവാറും എതിർത്തതിനാൽ ഇരു എൻസിപി വിഭാഗങ്ങളെയും ലയിപ്പിക്കാനുള്ള നീക്കം നടന്നില്ല. എങ്കിലും എൻസിപി (എസ്പി)യെ പ്രത്യേക കക്ഷിയായി എൻഡിഎയിലേക്ക് സ്വാഗതം ചെയ്യാൻ സുനേത്ര പവാർ സമ്മതം അറിയിച്ചിരുന്നു. ജൂലൈയിലെ വർഷകാല സമ്മേളനത്തിനിടെയാണ് ബിജെപി അനുനയ നീക്കങ്ങൾ ശക്തമാക്കിയത്. മഹാരാഷ്ട്രയിലെ വരൾച്ചാ സാഹചര്യം ചർച്ച ചെയ്യാനെന്ന പേരിൽ ആഗസ്റ്റ് 10-ന് ശരദ് പവാറും പാർട്ടിയുടെ എട്ട് ലോക്‌സഭാ എംപിമാരും പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് 85-കാരനായ പവാർ ആശുപത്രിയിലായപ്പോൾ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. പവാർ ഇനി വിശ്രമിക്കണമെന്നും താനും പവാറിന്റെ മകൾ സുപ്രിയ സുലെയും ചേർന്ന് രാജ്യകാര്യങ്ങൾ നോക്കിക്കോളാമെന്നും മോദി പറഞ്ഞതായി പവാറിന്റെ അടുത്ത അനുയായി വെളിപ്പെടുത്തി. സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകുന്നതിന്റെയും എൻസിപി (എസ്പി) എൻഡിഎയിലേക്ക് വരുന്നതിന്റെയും സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ നീക്കങ്ങൾ തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കും. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുമായി സഖ്യത്തിലുള്ള ബിജെപിയെ, വിജയ്യുടെ രാഷ്ട്രീയ മുന്നേറ്റം ഡിഎംകെയുമായും അടുപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ എൻസിപി (എസ്പി) എൻഡിഎയുടെ ഭാഗമായാൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ പുതിയ അധികാര സമവാക്യങ്ങൾ രൂപപ്പെടാനും പ്രതിപക്ഷം കൂടുതൽ ദുർബലമാകാനും ഇടയാക്കും. എന്തായാലും ഇന്ന് ബിൽ പാസ്സാകുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി.


