പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബ്ലെസ്സൻ ബൈജുവാണ് അപകടത്തിൽപ്പെട്ടത്.
എം.സി റോഡിൽ കുറ്റൂർ ജംഗ്ഷൻ സമീപത്തായിരുന്നു സംഭവം. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനത്തിന്റെ വാതിൽ തുറന്ന് ബ്ലെസ്സൻ പുറത്തേക്ക് വീണത്. വിദ്യാർത്ഥി റോഡിലേക്ക് വീണെങ്കിലും ഡ്രൈവർക്ക് സംഭവം ഉടൻ അറിയാൻ സാധിച്ചില്ല. പിന്നാലെ ബസിലുള്ള മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഏകദേശം 200 മീറ്റർ മുന്നോട്ട് പോയ ബസ് നിർത്തുകയായിരുന്നു. വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.




