അമേരിയും ഇസ്രയേലും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഞെട്ടലോടെയായിരുന്നു അറബ് സമൂഹം ആ വാർത്ത അറിഞ്ഞത്- ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും അനുയായികളുമെല്ലാം കൊല്ലപ്പെട്ടവരിലുണ്ട്. പിന്നാലെ ഇറാൻ കടുത്ത ഭരണപ്രതിസന്ധിയിലേക്ക് മൂക്കു കുത്തി വീഴുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന ഖമനേയിയുടെ മരണം രാജ്യത്തെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ പ്രധാനികൾ ഒറ്റദിവസംകൊണ്ട് ഇല്ലാതായിരിക്കുകയാണ്.
ഇനി ഇവിടെ അമേരിക്കയുടെ കയ്യിലെ കളിപ്പാട്ടമായ ഒരു പാവ ഭരണകൂടം അധികാരമേൽക്കുന്നതിന് മുമ്പ് മറ്റൊരാളെ അവരോധിക്കുക എന്നതായിരിക്കും ഇറാന്റെ മുന്നിലെ വെല്ലുവിളി. ഖമനേയിയുടെ മകൻ മുസ്തഫയുടെ പേരുകളാണ് ഏറ്റവുമൊടുവിലായി ഉയരുന്നതെങ്കിലും പെട്ടെന്നൊരു സ്ഥാനാരോഹണത്തിന് പറ്റിയ സാഹചര്യമല്ല ഇറാനിലുള്ളത്. ആരായാലും അതൊരു ഷിയാ മത പണ്ഡിതൻ തന്നെ ആവണമെന്നതാണ് നിയമം.
ആരാണ് ഈ കൊല്ലപ്പെട്ട ഖമനേയി? ഒരു 86കാരനായ നേതാവിന് ആ രാജ്യത്ത് ഇനിയും ലക്ഷങ്ങളുടെ ജനുപിന്തുണ അവശേഷിക്കുന്നുണ്ടെന്ന് പറയുമ്പോൾ അറിയേണ്ടത് അയാൾ വന്ന വഴികളാണ്. 1989 ല്‍ ഖമനേയി ഇറാന്റെ നേതൃത്വം ഏറ്റെടുത്തതോടെ തനിക്ക് കീഴില്‍ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ എന്ന സൈന്യത്തെയും കെട്ടിപ്പടുത്തു. എന്നും തീവ്ര തീവ്ര ഇസ്‌ലാമിക നിലപാടുകളാണ് ഖമേനി സ്വീകരിച്ചത്. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയതും ഖമേനി ആയിരുന്നു. കടുത്ത പാശ്ചാത്യ വിരുദ്ധനായിരുന്ന ഖമേനി ‘അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം’ എന്ന മുദ്രാവാക്യം ഇറാന്‍ സൈന്യത്തിന്റെ ആപ്തവാക്യമാക്കി മാറ്റി. ഏത് വന്‍ശക്തിയെയും നേരിടാന്‍ പോന്ന കരുത്ത് ഇറാനുണ്ടെന്നും സ്വയം പര്യാപ്തമാകുകയാണ് ഇറാന്റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.
യുറേനിയം സമ്പുഷ്ടീകരിക്കാനും രാജ്യത്തിന്റെ വികസനത്തിനായി അത് പ്രയോജനപ്പെടുത്താനും വലിയ ഗവേഷണ പദ്ധതികള്‍ക്കാണ് ഖമേനി രൂപം നല്‍കിയത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. മഡുറോയെ ജയിലിലടച്ചതിന് ശേഷം അടുത്ത യുദ്ധം എവിടെ നടത്തുമെന്ന് അന്വേഷിച്ച് നടന്ന ട്രംപിനും ട്രംപിന്റെ കളിപ്പാവയായ ഇസ്രയേലിനും ഇതിനേക്കാൾ മികച്ച അവസരം മറ്റൊന്നില്ലായിരുന്നു.
ഖമനേയിയുടെ ശക്തമായ നേതൃത്വത്തിന് കീഴിലായിരുന്ന ഇറാനിലെ മതഭരണകൂടം പെട്ടെന്നുള്ള ആഘാതത്തെ എങ്ങനെ അതിജീവിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണം ഇനി എങ്ങനെയായിരിക്കുമെന്നത് ആശ്രയിച്ചാകും ഭാവി, കണക്കുകൾ അനുസരിച്ച് ഇറാന്റെ പക്കൽ ബാലിസ്റ്റിക് മിസൈലിന്റെ വൻശേഖരമുണ്ട്. പശ്ചിമേഷ്യയിൽ ഏറ്റവുമധികം ബാലിസ്റ്റിക് മിസൈലുള്ളത് ഇറാന്റെ പക്കലാണെന്നാണ് യു.എസ്. ഓഫീസ് ഓഫ് ദ നാഷണൽ ഇന്റലിജൻസ് റിപ്പോർട്ട്. അതിനാൽ തന്നെ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു രക്തകലുഷിത യുദ്ധകാലമാണോ ഇനി ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന ചോദ്യവും മുന്നിലുണ്ട്.
ഇറാൻ ശേഖരിക്കുന്ന യുറേനിയമാണ് എല്ലാത്തിന്റേയും പ്രഭവകേന്ദ്രം. അവരിത് ആണവായുധങ്ങൾ ഉണ്ടാക്കാൻ എടുക്കുന്നതാണെന്ന് ട്രംപ് പറയുമ്പോൾ അല്ല, വൈദ്യുതിയുത്പാദനംപോലുള്ള സിവിലിയൻ ആവശ്യങ്ങൾക്കായാണ് ആണവസമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഇറാൻ അവകാശപ്പെടുന്നു. പക്ഷേ, ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടതിനെക്കാളേറെ യുറേനിയം ഇറാൻ ശേഖരിച്ചിട്ടുണ്ടെന്നുള്ളത് വേറെ കാര്യം. ആ 400 കിലോയോളം യുറേനിയം എവിടെയെന്ന് ഇപ്പോഴും ആർക്കുമറിയില്ല.
ഇനി ഇന്ത്യയുടെ തലവേദന നോക്കാം, ഇവിടെ യുദ്ധമുഖത്തുള്ള മൂന്ന് രാജ്യങ്ങളും, ഇസ്രയേലും അമേരിക്കയും ഇറാനും ഇന്ത്യക്ക് ഒരുപോലെ പ്രിയപ്പെട്ടവർ. മൂന്ന് രാജ്യങ്ങളുമായും മികച്ച നയതന്ത്ര ബന്ധമുള്ള രാജ്യമാണ് ഇന്ത്യ എന്നതിനാൽ ആർക്കൊപ്പം നിൽക്കുമെന്നതും എന്ത് നിലപാട് പറയുമെന്നതിലും വലിയ ആശങ്കയുണ്ട്. ഓപ്പറേഷൻ സിന്ദൂറിലടക്കം ഇന്ത്യയോട് വലിയ എതിർപ്പ് പ്രകടിപ്പിക്കാത്ത രാജ്യമാണ് ഇറാൻ. അതിനൊപ്പം ചേർത്ത് വായിക്കേണ്ടത് ഗൾഫ് മേഖലയിലാകെ യുദ്ധം പടരുകയും നീണ്ട് പോവുകയും ചെയ്താൽ അതേറ്റവും മോശമായി ബാധിക്കുന്ന രാജ്യവും ഇന്ത്യയാണ്. കോടിക്കണക്കിന് ഇന്ത്യക്കാരാണ് ഈ മേഖലയിൽ മാത്രം ജീവിക്കുന്നത്. യുദ്ധം തുടർന്ന് ഇവരെ ഒഴിപ്പിക്കേണ്ടി വന്നാൽ അത് ലോകം കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യമായി മാറും. 20 ലക്ഷം ഇന്ത്യക്കാരുണ്ട് ദുബായിൽ മാത്രം. അതിൽ തന്നെ കൂടുതലും മലയാളികൾ. പൊതുവെ ശാന്തമായ ദുബായുടെ ആകശത്തും ഇന്നലെ മിസൈലുകൾ പറന്നുനടന്നു എന്നത് സ്ഥിതി എത്രത്തോളം മോശമാണെന്ന് മനസിലാക്കാം.
കഴിഞ്ഞ ദിവസം ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇന്ത്യയുടെ കപ്പൽ വഴിയുള്ള എല്ലാ വ്യാപാരവും ഹോർമൂസ് വഴിയാണ്. അതിനൊപ്പം ഗൾഫ് മേഖലയിൽ നിന്നുള്ള 400ലധികം വിമാന സർവീസുകളാണ് ഇതിനോടകം റദ്ദാക്കിയത്. യുദ്ധം തുടർന്നു പോയാൽ അടുത്ത 2 വർഷമെങ്കിലും ഗൾഫ് മേഖല വരണ്ടുണങ്ങും, കനത്ത തൊഴിൽ പ്രതിസന്ധിയാകും ഈ കാലയളവിൽ ഇവിടങ്ങളിലുണ്ടാവുക, ഇത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെയാകും. അതിനാൽ തന്നെ ഈ സംഘർഷങ്ങൾ വേഗത്തിൽ അവസാനിക്കേണ്ടത് ഇറാന്റേയോ ഗൾഫ് മേഖലയുടേയോ മാത്രമല്ല, കേരളത്തിന്റെ കൂടി ആവശ്യമായി മാറുകയാണ്. നിലവിൽ ഗൾഫിലെ ഇന്ത്യക്കാരോട് രജിസ്റ്റർ ചെയ്ത് തുടങ്ങാൻ പറഞ്ഞ ഇന്ത്യ, നീണ്ടു നിൽക്കുന്ന ഒരു യുദ്ധകാലം തന്നെയാണ് പ്രതീക്ഷിക്കുന്നത്.




