പാലക്കാട്: പത്തിരിപ്പാലത്തിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 40,000 രൂപയും ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.
പത്തിരിപ്പാലം മൗണ്ട് സീന സ്കൂളിന് സമീപം പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് കാർ തടഞ്ഞ് പരിശോധിച്ചത്. പരിശോധനയിൽ മുഹമ്മദ് ഹാരിസിന്റെ പാന്റ് പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. ഷിബിലിയുടെ കൈവശം നിന്ന് പണം പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. ഇവർക്കു പിന്നിൽ മറ്റ് ലഹരി സംഘങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.




