കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറ് എൻ. വാസുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസിൽ വാസു ഹാജരായി. എസ്.ഐ.ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസം തടവിൽ കഴിഞ്ഞ ശേഷം സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിക്കും ഈ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേസിലെ സാക്ഷികളായ ചിലരെ കഴിഞ്ഞ ആഴ്ചകളിൽ ഇഡി ചോദ്യം ചെയ്തിരുന്നു. നടൻ ജയറാം ഉൾപ്പെടെ ചിലരെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയതായും വിവരമുണ്ട്. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ സമൻസ് അയച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.






