ചെന്നൈ: ചെന്നൈയിലെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകൾ ജിനു ആണ് മരിച്ചത്.
ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജിനു സഹപാഠികളോടപ്പം കോളേജ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അണ്ണാ സർവകലാശാലയ്ക്ക് സമീപമെത്തിയപ്പോൾ മുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് യു-ടേൺ എടുത്തതോടെ പിന്നാലെയുണ്ടായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിനു കാറിൽ നിന്ന് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
മുന്നിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ വെങ്കിടേശിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവാല്വാമല ഐവർമഠം ശ്മശാനത്തിൽ നടക്കും.



