വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് ഒരു മാസത്തെ താത്കാലിക ഇളവ് നൽകുന്നതായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് തീരുമാനം അറിയിച്ചത്. കടലിൽ നിലവിൽ സഞ്ചരിക്കുന്ന റഷ്യൻ ടാങ്കറുകളിൽ നിന്നുള്ള എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിക്കുന്നതാണ് ഇളവ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള ഊർജ വിപണി അസ്ഥിരമാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് ശക്തമായി എതിർത്തിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് അധിക തീരുവയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് യുഎസ്–ഇന്ത്യ വ്യാപാരകരാറിന്റെ പശ്ചാത്തലത്തിൽ തീരുവ 18 ശതമാനമായി കുറച്ചു. തുടർന്ന് യുഎസ് കോടതിവിധിയെ തുടർന്ന് അത് 15 ശതമാനമായി താഴ്ന്നു. ഇതിനിടയിൽ ഇറാനെതിരായ യുഎസ്–ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണവ്യാപാരത്തിൽ അനിശ്ചിതത്വം വർധിച്ചതോടെയാണ് പുതിയ തീരുമാനം.
ഏപ്രിൽ 3 വരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാകുക. ട്രംപിന്റെ ഊർജ നയങ്ങൾ എണ്ണ ഉൽപാദനം ഉയർന്ന നിലയിൽ നിലനിർത്തിയിട്ടുണ്ട്. ആഗോള വിപണിയിൽ എണ്ണയുടെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തെ താത്കാലിക ഇളവ് നൽകുന്നത്. ഇതിനകം കടലിൽ ഉള്ള കപ്പലുകളിലെ എണ്ണ ഇടപാടുകൾക്ക് മാത്രമാണ് ഈ അനുമതി ബാധകമാകുക. അതിനാൽ റഷ്യൻ സർക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകില്ല. ഇറാൻ ആഗോള ഊർജമേഖലയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ഈ നടപടി ലഘൂകരിക്കും.
ഇതിനിടെ ഇറാന്റെ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപാദനത്തെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇതോടെ ആഗോള എണ്ണവില ഉയർന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇന്ന് രാവിലെ ബാരലിന് 83.07 ഡോളറായി ഉയർന്നു.
ഇന്ത്യയിൽ അടുത്ത 50 ദിവസത്തേക്ക് എണ്ണക്ഷാമമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോൾ, ഡീസൽ വില ഉടൻ വർധിപ്പിക്കാൻ സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു.
യുക്രെയ്നിലെ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ സമ്മർദം ചെലുത്തുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ നവംബറിൽ റഷ്യൻ എണ്ണ കമ്പനികളായ ലുക്കോയിലും റോസ്നെഫ്റ്റും ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നാലെ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ജനുവരിയിൽ പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. 2022 നവംബർ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. നിലവിലെ സാഹചര്യത്തിൽ അടുത്ത ഒരു മാസത്തേക്ക് ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ സാധിക്കുമെന്നതാണ് പുതിയ ഇളവിന്റെ പ്രധാന പ്രാധാന്യം.






