കോട്ടയം: പുലർച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന സംഭവം. മാഞ്ഞൂർ പഞ്ചായത്തിലെ ഹരിതകർമസേനാംഗമായ മിനി ചന്ദ്രൻ (51) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ പുലർച്ചെ 5.30ഓടെ മുട്ടുചിറ– മഠത്തിക്കുന്നേൽ– റെയിൽവേ ലൈൻ റോഡിൽ കടപ്പൂരാൻ ഭാഗത്തായിരുന്നു സംഭവം. നടന്ന് പോകുന്നതിനിടെ പിന്നിൽ നിന്ന് സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കൾ മിനിയെ ഇടിച്ചുവീഴ്ത്തി. തുടർന്ന് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി മാല കവർന്നു.
ആക്രമണത്തിൽ ഭയന്നുപോയെങ്കിലും നഷ്ടമായത് ഇമിറ്റേഷൻ ഗോൾഡ് മാലയായതിനാൽ മിനിക്ക് ആശ്വാസമായി. മാലയുടെ വില ഏകദേശം 150 രൂപയാണ്. കൂടാതെ, മിനിയുടെ കൈവശമുണ്ടായിരുന്ന 25,000 രൂപ നഷ്ടമായിട്ടില്ലെന്നതും ഭാഗ്യം. അയൽവാസിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ നടക്കുമ്പോഴാണ് സംഭവം ഉണ്ടായത്.
മിനി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മോഷ്ടാക്കൾ മാല കവർന്ന ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. ഓടുന്നതിനിടെ അവരുടെ കൈയിൽ നിന്ന് കത്തി താഴെ വീണു. മിനി കത്തി സഹിതം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.




