ജോർദാൻ: പശ്ചിമേഷ്യയിൽ തുടരുന്ന കനത്ത സംഘർഷത്തിനിടെ മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ജോർദാനിലും യുഎഇയിലും സ്ഥാപിച്ചിരിക്കുന്ന അമേരിക്കൻ പ്രതിരോധ ശൃംഖലകളിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പുതിയ ഉപഗ്രഹ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ദൂരത്തുനിന്ന് കണ്ടെത്തി ആകാശത്തുവെച്ച് തന്നെ തടയാൻ സഹായിക്കുന്ന ‘താഡ്’ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ റഡാർ കേന്ദ്രങ്ങൾക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശത്രുക്കളുടെ മിസൈൽ നീക്കങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള ശേഷി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തൽ.
ജോർദാനിലെ മുവഫാഖ് സാൽതി വ്യോമതാവളത്തിലാണ് ഏറ്റവും വ്യക്തമായ നാശനഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ വിന്യസിച്ചിരുന്ന അമേരിക്കൻ താഡ് മിസൈൽ ബാറ്ററിയുടെ റഡാർ കേന്ദ്രത്തിന് സമീപം രണ്ട് വലിയ ഗർത്തങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. ഏകദേശം 13 അടി വീതിയുള്ള ഗർത്തങ്ങൾ കണ്ടെത്തിയതോടെ പ്രതിരോധ സംവിധാനത്തെ തകർക്കാൻ ഒരിലധികം തവണ ആക്രമണം നടന്നിരിക്കാമെന്ന സൂചനയാണിത്.
മാർച്ച് ഒന്നിനും രണ്ടിനും ഇടയിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി പകുതിയോടെ തന്നെ ഈ താവളത്തിൽ അമേരിക്ക പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സൈനിക സജ്ജീകരണങ്ങൾക്കെതിരായ ആക്രമണങ്ങൾ ശക്തമാകുന്നുവെന്ന ആശങ്കയും ഇതോടെ ഉയരുന്നുണ്ട്.






