കൊല്ലം: മീറ്റർ റീഡിംഗ് എടുക്കാൻ എത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വളർത്തുനായ ആക്രമിച്ച് കടിച്ചു. കരുനാഗപ്പള്ളി സെക്ഷനിലെ ജീവനക്കാരനായ ആർ. രാഹുലിനാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ ആലുംകടവ് മൂന്നാംമൂടിന് സമീപമുള്ള ഒരു വീട്ടിനോട് ചേർന്നുള്ള കോഴിഫാമിലാണ് സംഭവം. മീറ്റർ റീഡിംഗിനായി എത്തിയ രാഹുൽ ഗേറ്റിന് മുന്നിൽ നിന്ന് പലതവണ വിളിച്ചെങ്കിലും വീട്ടിൽ നിന്ന് ആരും പുറത്തുവരാതിരുന്നതിനെ തുടർന്ന് ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കുകയായിരുന്നു. ഇതോടെയാണ് വീട്ടിലെ വളർത്തുനായ ആക്രമിച്ചത്.
നായയുടെ ആക്രമണത്തിൽ നിലത്തുവീണ രാഹുലിനെ വീണ്ടും കടിച്ചതായും അദ്ദേഹം പറഞ്ഞു. ഇടത് കൈമുട്ടിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു. മീറ്റർ റീഡിംഗിനായി ഉപയോഗിച്ചിരുന്ന ഉപകരണവും ആക്രമണത്തിൽ തകർന്നു.
ശേഷം നായയെ തള്ളി മാറ്റി ഗേറ്റിന് പുറത്തേക്ക് എത്തിയ രാഹുൽ കോമ്പൗണ്ടിലുള്ള വീട്ടിൽ പലവട്ടം വിളിച്ചപ്പോഴാണ് വീട്ടുകാർ പുറത്തുവന്നത്. തുടർന്ന് ഓഫീസിൽ നിന്ന് വാഹനം എത്തിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.






