വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇറാനെതിരായ യുദ്ധം ഏകദേശം അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞ ട്രംപ്, പിന്നീട് നടന്ന റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ വ്യത്യസ്ത നിലപാടാണ് പ്രകടിപ്പിച്ചത്. ശത്രുവിനെ പൂർണമായി തോൽപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരായ സൈനിക നടപടികളുടെ അവസാനത്തെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണെന്നാണ് വിലയിരുത്തൽ. ടെലിവിഷൻ അഭിമുഖത്തിൽ ഇറാന്റെ സൈനിക ശേഷിയെ വേഗത്തിൽ തകർത്തുവെന്നും മിസൈൽ ലോഞ്ചറുകളുടെ ഏകദേശം 90 ശതമാനവും നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിൽ എടുക്കുന്നത് പരിഗണനയിലുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ആഗോളതലത്തിൽ എണ്ണവില ഉയരുകയും ഓഹരി വിപണികളിൽ ഇടിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈറ്റ് ഹൗസിന് വലിയ സമ്മർദമുണ്ടായിട്ടുണ്ട്. എണ്ണവില നിയന്ത്രിക്കാൻ ചില രാജ്യങ്ങളിലേയ്ക്കുള്ള ഉപരോധം ഇളവാക്കുന്നതും പരിഗണനയിലുണ്ടെന്ന് ട്രംപ് പറഞ്ഞു.






