ആലപ്പുഴ: പുന്നമടക്കായലിൽ ഓഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മാറ്റുരയ്ക്കും. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികളുള്ളത്. ആകെ 22 ചുണ്ടൻ വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറ്റ് വിഭാഗങ്ങളിലായി ചുരുളൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും, ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന് വള്ളങ്ങളും, ഇരുട്ടുകുത്തി ബി വിഭാഗത്തിൽ 16 വള്ളങ്ങളും, ഇരുട്ടുകുത്തി സി വിഭാഗത്തിൽ 14 വള്ളങ്ങളും മത്സരിക്കും.
വെപ്പ് എ വിഭാഗത്തിൽ അഞ്ച് വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ നാല് വള്ളങ്ങളും തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളവും തെക്കനോടി കെട്ട് വിഭാഗത്തിൽ നാല് വള്ളങ്ങളും മത്സരരംഗത്തുണ്ടാകും.
നെഹ്‌റു ട്രോഫിയുടെ ആവേശപ്പോരാട്ടത്തിനായി പുന്നമടക്കായൽ ഒരുങ്ങുമ്പോൾ, ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇത്തവണയും പ്രധാന ആകർഷണം.











