തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. ആത്മഹത്യ ചെയ്ത പതി-ബെൽ കമ്പനി പ്രോജക്ട് മാനേജർ ലീ സി ബിന്നിന്റെ സഹായി ഷാജഹാനാണ് മൊഴി നൽകിയത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവെച്ചതോടെ ലീ സി ബിൻ മാനസികമായി തകർന്നിരുന്നുവെന്ന് ഷാജഹാൻ മൊഴി നൽകി. ബില്ലുകൾ മാറിനൽകാൻ കൈക്കൂലി ആവശ്യപ്പെട്ട കാര്യം ലീ തന്നോട് പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യങ്ങൾ എഴുതിയിരുന്നതായി കമ്പനിയിലെ ജീവനക്കാർ വഴി അറിഞ്ഞിരുന്നുവെന്നും ഷാജഹാൻ അന്വേഷണസംഘത്തെ അറിയിച്ചു.
കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാർ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ലീ സി ബിന്നിനോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള ആരോപണത്തിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. പദ്ധതിയുടെ ബില്ലുകൾ മാറിനൽകാത്തതിനെ തുടർന്നാണ് പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയതെന്നാണ് ആരോപണം.
പതി-ബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജനാണ് ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി നേരത്തെ വെളിപ്പെടുത്തിയത്. ലീ സി ബിൻ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സാജൻ ആരോപിച്ചിരുന്നു. നേരത്തെ നടന്ന വിജിലൻസ് അന്വേഷണം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനായിരുന്നുവെന്നും സാജൻ ആരോപിച്ചിരുന്നു.
സാജന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. അന്വേഷണത്തിന് നിയമോപദേശവും ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ വിജിലൻസിന്റെ പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല.


