ലഖ്നൗ: അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) തസ്തികയിലേക്ക് അപേക്ഷകരുടെ പ്രളയം. ലഭിച്ച 5,300ലേറെ അപേക്ഷകളിൽ നിന്ന് 18 പേരുടെ ചുരുക്കപ്പട്ടിക ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കായുള്ള അഭിമുഖം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാമക്ഷേത്ര സമുച്ചയത്തിൽ വെച്ച് നടക്കും. ക്ഷേത്രത്തിൽ സംഭാവന തട്ടിപ്പ് ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഭരണനിർവഹണം കൂടുതൽ ശക്തമാക്കാൻ സിഇഒയെ നിയമിക്കുന്നത്.
മുൻ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ഷിർദി സായിബാബ ട്രസ്റ്റ് മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ സുരേഷ് ഹവാരെ എന്നിവരടങ്ങിയ പാനലാണ് ഉദ്യോഗാർഥികളെ അഭിമുഖം ചെയ്യുന്നത്. മികച്ച ഭരണപരിചയമുള്ള വ്യക്തികൾക്കായിരിക്കും മുൻഗണന ലഭിക്കുക.


