തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി സമയം വർധിപ്പിച്ചു. ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഡ്യൂട്ടി ക്രമത്തിൽ മാറ്റം വരുത്തിയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ തീരുമാനപ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും. മുമ്പ് ഇത് ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാരുടെ സമയത്തിൽ മാറ്റമില്ല.
സൂപ്രണ്ട്, ആർഎംഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് എട്ട് കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കണമെന്നും നിർദ്ദേശമുണ്ട്. ആവശ്യമായാൽ യാത്രയ്ക്ക് ആശുപത്രി വാഹനവും നൽകും.
അതേസമയം, ആശുപത്രികളിലെ തിരക്കും ജോലിഭാരവും കുറയ്ക്കാൻ ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതിനുപകരം ജോലിസമയം വർധിപ്പിക്കുന്നത് ശരിയല്ലെന്ന് കെജിഎംഒഎ അറിയിച്ചു. ഒ.പി സമയം വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള ഗവണ്മെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.






