തൃശ്ശൂർ: നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രഖ്യാപിച്ച മുൻ എംഎൽഎ സി. സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. നാട്ടികയിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. സുനിൽ ലാലൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കാമെന്നതാണ് പ്രധാന സാധ്യത. സി. കെ. വിനോദിന്റെ പേരും പരിഗണനയിലുണ്ട്. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചത്. ഈ വിഷയം ദേശീയ നേതൃത്വത്തെ കെപിസിസി അറിയിക്കും. ദേശീയ നേതൃത്വത്തിൽ നിന്നായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
മുകുന്ദൻ നേടുന്ന വോട്ടുകൾ കൂടുതലും സിപിഐയുടെ വോട്ടുകളായിരിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ താത്പര്യം പ്രകടിപ്പിച്ചത്. നാട്ടിക എംഎൽഎയായിരുന്ന സി. സി. മുകുന്ദനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐ അടുത്തിടെ പുറത്താക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുകുന്ദൻ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർത്തി. ഗീതാ ഗോപിക്ക് നൽകിയ സീറ്റ് ‘പെയ്മെന്റ് സീറ്റ്’ ആണെന്നും തനിക്ക് പണം നൽകാൻ കഴിയാത്തതിനാലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുകുന്ദൻ പ്രഖ്യാപിച്ചു.
യുഡിഎഫും ബിജെപിയും തന്നെ സമീപിച്ചിട്ടുണ്ടെന്നും സമാന ചിന്താഗതിയുള്ളവരുടെ പിന്തുണയോടെ മത്സരിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് അദ്ദേഹത്തിന് പിന്തുണ നൽകില്ലെന്ന നിലപാടിലാണ്. ബിജെപിയുടെ പിന്തുണ സ്വീകരിക്കുമോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.






