ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകി. ഇന്ത്യ നയതന്ത്രതലത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളുടെ പിന്നാലെയാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. ‘പരിമൾ’, ‘പുഷ്പ’ എന്നീ ഇന്ത്യൻ കപ്പലുകൾക്കാണ് പ്രത്യേകാനുമതി ലഭിച്ചത്. അമേരിക്ക, യൂറോപ്പ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് നൽകിയത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിലുള്ള ടെലിഫോൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദ നയതന്ത്രബന്ധവും ഈ തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ രാജ്യത്ത് പെട്രോൾ, പാചകവാതക ക്ഷാമമുണ്ടാകുമോയെന്ന ആശങ്ക ഉയർന്നിരുന്നു. പുതിയ തീരുമാനം ഈ പ്രതിസന്ധിക്ക് ഭാഗികമായി ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, പ്രതിസന്ധി നേരിടാൻ ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനം വർധന രേഖപ്പെടുത്തി. പാചകവാതക ക്ഷാമത്തെ കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രശ്നം കൈകാര്യം ചെയ്യാൻ സർക്കാരിന് വ്യക്തമായ നയം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.






