പത്തനംതിട്ട: റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന പരാതിയെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു.
ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡ് ഉടമയുടെ ഭർത്താവിന്റെ സഹോദരിയുടെ മകൾ എന്ന നിലയിൽ ചേർത്തതാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർത്തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. ഈ വിലാസത്തിൽ ഇപ്പോൾ ആരും താമസിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാൽ റേഷൻ കാർഡും റദ്ദാക്കാൻ സപ്ലൈ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. നിലവിൽ ഈ വിലാസത്തിലുള്ള വസ്തുവിൽ തനിക്കും അവകാശമുണ്ടെന്നും മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷൻ കാർഡ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു. അന്ന് ആരും പ്രശ്നമുയർത്തിയിരുന്നില്ലെന്നും ഇപ്പോഴത്തെ നടപടി സിപിഐയുടെ നിർദ്ദേശപ്രകാരമാണെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.






