പത്തനംതിട്ട: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി. അടൂർ പൊലീസ് റേഷനിങ് ഇൻസ്പെക്ടറോടാണ് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുന്നതു സംബന്ധിച്ച് തുടർനടപടി സ്വീകരിക്കുക. വ്യാജ രേഖകൾ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേര് ചേർത്തുവെന്നാണ് പരാതി.
എന്നാൽ വ്യാജരേഖ ചമച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചപ്പോഴും താൻ ഇതേ വിലാസത്തിലായിരുന്നു താമസിച്ചിരുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ഇപ്പോൾ ആരോപണങ്ങളായി ഉയർത്തുന്നതെന്നും ഇത് സിപിഐയുടെ ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു. അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയനാണ് മത്സരിക്കാനായി ഇതേ വിലാസത്തിൽ റേഷൻ കാർഡിൽ പേര് ചേർക്കാൻ നിർദേശിച്ചതെന്നും അവർ വ്യക്തമാക്കി.
സ്കൂൾ കാലം മുതൽ തന്നെ പത്തനംതിട്ട ജില്ലയിലാണ് താമസമെന്നും പരാതി നൽകിയവർ ബന്ധുക്കളാണെന്നും ശ്രീനാദേവി പറഞ്ഞു. അവരുടെ സഹോദരി തനിക്കൊപ്പമുണ്ടെന്നും സ്വത്തിൽ അവകാശം എഴുതി നൽകിയതായും അവർ ചൂണ്ടിക്കാട്ടി. പരാതിയുമായി മുന്നോട്ട് വന്ന സഹോദരങ്ങൾ ഇപ്പോൾ സിപിഐയുടെ കൈയിലെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണെന്നും, റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീനാദേവി അറിയിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. സിപിഐ നേതാവ് ടി. മുരുകേഷ് ആണ് പരാതിക്കാരൻ. റേഷൻ കാർഡിൽ പേര് ഉണ്ടെന്ന അടിസ്ഥാനത്തിലാണ് ശ്രീനാദേവി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തതെന്ന് പരാതിയിൽ പറയുന്നു. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ സ്ഥിരം വിലാസമില്ലെന്നും റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തുവെന്നാരോപിച്ചാണ് വക്കീൽ നോട്ടീസ് നൽകിയത്.






