തിരുവനന്തപുരം: കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീ മരിച്ചു. കാറിടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ ബസ് കാത്തുനിന്നവരുടെ ദേഹത്തേക്കു വീണാണ് അപകടം സംഭവിച്ചത്. കല്ലിയൂർ സ്വദേശി അനിലകുമാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രഞ്ചുവിന് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കല്ലിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. അനിലകുമാരിയും രഞ്ചുവും ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുമ്പോൾ കല്ലിയൂർ ഭാഗത്തുനിന്നു വന്ന കാർ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇരുവരെയും നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനിലകുമാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ രഞ്ചുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കാറോടിച്ചിരുന്ന കല്ലിയൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.






