കൊച്ചി: റെയിൽവേ മേൽപ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു. യുവതിയുടെ തല മുണ്ടുകൊണ്ട് മൂടിയ ശേഷം തൂണിലും കല്ലിലും പലതവണ ഇടിച്ചാണ് അക്രമി അവശയാക്കി മാലയും കമ്മലും പിടിച്ചെടുത്തത്.
എച്ച്.എം.ടി. കവലയ്ക്ക് സമീപമുള്ള കടയിൽ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെയാണ് ആക്രമിച്ചത്. ഒരു പവൻ സ്വർണമാലയും ഒരു കാതിലെ കമ്മലുമാണ് അക്രമി കവർന്നത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചിരുന്ന അക്രമിയുടെ കൈയിൽ ബാഗും ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഞായറാഴ്ച രാത്രി എച്ച്.എം.ടി. കവല റെയിൽവേ മേൽപ്പാലത്തിന് അടിയിൽവച്ചാണ് സംഭവം. അക്രമി യുവതിയുടെ തല റെയിൽവേ മേൽപ്പാലത്തിന്റെ തൂണിൽ പലതവണ ഇടിപ്പിച്ചതായി പറയുന്നു. സമീപത്ത് കിടന്നിരുന്ന കല്ലുകൾ ഉപയോഗിച്ചും തലയ്ക്ക് പരിക്കേൽപ്പിച്ചതായി യുവതി പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




