ദുബായ്: ഈദുൽ ഫിത്തർ അവധിയോടനുബന്ധിച്ച് വിവിധ പൊതുഗതാഗത സേവനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർടിഎ. 19 മുതൽ 21 വരെയാകും ക്രമീകരണങ്ങൾ. പൊതു പാർക്കിങ്, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, മെട്രോ, ട്രാം, ബസ് സർവീസുകൾ, സമുദ്രഗതാഗത സേവനങ്ങൾ, വാഹന ടെക്‌നിക്കൽ പരിശോധനാ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പുതിയ സമയക്രമം ബാധകമാകുന്നത്.
ഈദിന്റെ ആദ്യ ദിവസം മുതൽ മൂന്നാം ദിവസം വരെ ദുബായിലെ എല്ലാ പൊതുപാർക്കിങ്ങുകളും സൗജന്യമായിരിക്കും. എന്നാൽ, ബഹുനില പാർക്കിങ് സൗകര്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം ദിവസം മുതൽ സാധാരണ നിരക്ക് ആയിരിക്കും. ദുബായ് മെട്രോയിലെ ചുവപ്പ്, പച്ച ലൈനുകൾ ബുധൻ മുതൽ 21 വരെ രാവിലെ അഞ്ചു മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും. 22ന് രാവിലെ എട്ടു മുതൽ അടുത്ത ദിവസം ഒന്നുവരെ സർവീസ് ഉണ്ടായിരിക്കും.
ദുബായ് ട്രാം 18 മുതൽ 21 വരെ രാവിലെ ആറു മുതൽ അടുത്ത ദിവസം ഒന്നുവരെ സർവീസ് നടത്തും. 22ന് രാവിലെ ഒമ്പതു മുതൽ അടുത്ത ദിവസം ഒന്നു വരെ ആയിരിക്കും സർവീസ്.






