സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’യുടെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രയ്ലർ, യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും ഇമോഷനും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം സെൻസറിംഗ് പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റാണ് നേടിയിരിക്കുന്നത്. മാർച്ച് 27-ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.
ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും ‘റങ്ക് തെളിന്ദവളല്ലേ’, ‘ടൂർ ഗാനം’ എന്നീ പാട്ടുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പും ആഘോഷങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടൈനറായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ, അനു, ജസ്‌നിയ ജയദീഷ് എന്നിവർക്കൊപ്പം ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
അഭിനന്ദൻ രാമാനുജം ഛായഗ്രഹണവും ആർ. ജെറിൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സഹ്‌റു സുഹ്റ, അമീർ സുഹൈൽ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഫാർസ് ഫിലിംസും മറ്റു വിദേശ രാജ്യങ്ങളിൽ ആർ.എഫ്.ടി എന്റർടൈൻമെന്റ്‌സും വിതരണം നിർവ്വഹിക്കും. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.






