തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരാണുള്ളത്. ഫെബ്രുവരി 21-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കാൾ ഏകദേശം രണ്ട് ലക്ഷത്തോളം വോട്ടർമാരുടെ വർധനവാണ് പുതിയ പട്ടികയിലുള്ളത്. 2.69 കോടി വോട്ടർമാരായിരുന്നു നേരത്തെയുള്ള പട്ടികയിൽ ഉണ്ടായിരുന്നത്.
സ്ത്രീ വോട്ടർമാർ കൂടുതൽ
പട്ടികയിലെ കണക്കുകൾ പ്രകാരം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് കേരളത്തിലുള്ളത്. 1,39,21,868 സ്ത്രീ വോട്ടർമാരും 1,32,20,811 പുരുഷ വോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചു. 273 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കും. മാർച്ച് 15 വരെ ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ചാണ് ഈ പുതുക്കിയ പട്ടിക തയാറാക്കിയിരിക്കുന്നത്.
പ്രവാസി – സർവീസ് വോട്ടർമാർ
സംസ്ഥാനത്ത് ആകെ 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും എട്ട് ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. ഇതിൽ 51,330 പുരുഷന്മാരും 2,654 സ്ത്രീകളുമാണുള്ളത്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ വോട്ടർപട്ടിക പുറത്തുവന്നത് രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സഹായകമാകും.






