തിരുവനന്തപുരം: പോത്തൻകോട് പാലോട്ടുകോണത്ത് പ്രവർത്തിച്ചിരുന്ന ഫർണിച്ചർ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. ചന്തവിള സ്വദേശിയായ അജാസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ തീപിടിച്ചത്.
റബ്ബർ തോട്ടത്തിനിടയിൽ പ്രവർത്തിച്ചിരുന്ന ഷെഡിൽ തീ വ്യാപകമായി പടർന്നശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും സംഘം എത്തുമ്പോഴേക്കും കട്ടിലുകൾ, മേശകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾ പൂർണമായും കത്തി നശിച്ചിരുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക കണക്ക്.
യൂണിറ്റിന് സമീപത്ത് വീടുകൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോത്തൻകോട് പൊലീസ്, അഗ്നിശമനസേന, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഷെഡിനുള്ളിൽ വലിയ തോതിൽ മരവസ്തുക്കൾ സൂക്ഷിച്ചിരുന്നതിനെ തുടർന്ന് തീ നിയന്ത്രിക്കുന്നത് ദുഷ്കരമായി. രണ്ടുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ കിൻഫ്രയിൽ നിന്ന് വെള്ളം എത്തിച്ചാണ് അഗ്നിശമന പ്രവർത്തനം ശക്തിപ്പെടുത്തിയത്. കഴക്കൂട്ടത്തെയും വെഞ്ഞാറമൂടിനെയും ഉൾപ്പെടുത്തി ഏഴ് ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്നാണ് തീ പൂർണമായി അണച്ചത്.






