കോഴിക്കോട്: ഓഖ–എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം. സംഭവത്തിൽ ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശിയായ നൻഹക്കുവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസ് പിടികൂടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാൻ ഇറങ്ങിയ സമയത്താണ് പ്രതി കുട്ടിയുടെ സമീപത്ത് എത്തി മോശമായി പെരുമാറിയത്. അമ്മ തിരികെ എത്തിയപ്പോൾ കുട്ടി സംഭവം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ആദ്യ തിരച്ചിലിൽ പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.ഐ. പ്രദീപ് കുമാർ സി, എ.എസ്.ഐമാരായ ഷമീർ, സുനീഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ഡാനി, രന്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






