തിരുവനന്തപുരം: വി.ഡി. സതീശന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലും ബിജെപി സീൽ വിവാദത്തിലുമടക്കം മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം നീക്കിയത് മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്നും, വീഡിയോയിലെ ചില കമന്റുകൾ നീക്കം ചെയ്യാനായിരുന്നു പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കമന്റുകളിൽ പലതും മോശം ഭാഷയിലായതിനാൽ പോലീസിന് ഇടപെടേണ്ടി വന്നതാണെന്നും, കമന്റുകൾ മാത്രം നീക്കേണ്ടതിനുപകരം വീഡിയോ മുഴുവനായി നീക്കം ചെയ്തതാണ് സംഭവിച്ചതെന്നും ഖേൽക്കർ പറഞ്ഞു. വീഡിയോയുടെ ബന്ധപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐടി ആക്ട് പ്രകാരം പോലീസിന് നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും, വിഷയത്തിൽ മെറ്റയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ നടപടികളെക്കുറിച്ച് വിശദീകരണം ലഭിച്ചിട്ടുണ്ടെന്നും, നീക്കം ചെയ്ത വീഡിയോകളുടെ കൃത്യമായ കണക്ക് ഇപ്പോൾ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ പൊലീസിംഗ് ശക്തമായി തുടരുകയാണെന്നും, പോലീസിന്റെ നടപടികളിൽ പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും ഖേൽക്കർ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാൽ പോലീസിന് ഇടപെടാമെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശം കമ്മീഷൻ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




