കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പരാതി. അമേരിക്കൻ കമ്പനിയായ കൊറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ടാൽറോപ് 300 ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ആറു മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2027 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടാൽറോപ്. പശ്ചിമേഷ്യൻ യുദ്ധങ്ങളും എഐയുടെ കടന്നുവരവും നഷ്ടമുണ്ടാക്കിയെന്നാണ് കമ്പനി പറയുന്ന ന്യായം.
ശമ്പള കുടിശ്ശിക നല്‍കാതെ ടാല്‍റോപ്പ് എന്ന കമ്പനി പെട്ടെന്ന് തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒക്ടോബര്‍ മാസത്തിനകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നാണ് കമ്പനി അവസാനമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് വേണ്ട യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കുടിശ്ശിക തീര്‍ക്കുമെന്ന് കമ്പനി പറയുന്നുണ്ട്. മെയ് 15നകം കുടിശ്ശിക തീര്‍ക്കുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഒക്ടോബര്‍ 31നകം കൊടുത്തുതീര്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇങ്ങനെ ഡേറ്റ് മാറ്റിപ്പറയുന്നതിനാല്‍ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.












