ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തെ ഭക്ഷണവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആശുപത്രി കോമ്പൗണ്ടിൽ ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും, ആശുപത്രി പരിസരം സംഘടനകളുടെ ബാനറുകൾ സ്ഥാപിക്കുന്ന വേദിയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് ജി. സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. താൻ നടത്തിയ പ്രസംഗം ചിലർ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ചാണ് ഭക്ഷണം വിതരണം ചെയ്തിരുന്നതെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിനായി പണം പിരിക്കുന്ന രീതിയാണ് നടക്കുന്നതെന്നും, ഇത് സുതാര്യമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷണവിതരണത്തിനായി വിവിധ സംഘടനകൾ ശേഖരിക്കുന്ന പണത്തിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രിക്ക് ഗുണകരമായ രീതിയിലും വ്യക്തമായ നിയന്ത്രണങ്ങളോടെയും ഭക്ഷണവിതരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ ഔദ്യോഗികമായി ഭക്ഷണം നൽകുന്ന സംവിധാനം വീണ്ടും ശക്തിപ്പെടുത്തണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ആശുപത്രിക്ക് പുറത്തു ഭക്ഷണം തയ്യാറാക്കി അകത്ത് വിതരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും, മറ്റ് മെഡിക്കൽ കോളേജുകളിൽ ഇത്തരം രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


