മിയാമി: ലോകകപ്പ് മൂന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 2.30നാണ് മത്സരം ആരംഭിക്കുന്നത്. 2018ന് ശേഷം ആദ്യമായി ലോകകപ്പ് സെമിഫൈനൽ പ്രവേശനം ഉറപ്പിക്കുകയാണ് ഹാരി കെയ്‌നും സംഘവും ലക്ഷ്യമിടുന്നത്.
ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെ ആത്മവിശ്വാസത്തിലാണ്. മത്സരത്തിന് മുന്നോടിയായി നോർവെ സൂപ്പർ താരം എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ വിജയസാധ്യത കുറവാണെന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. എന്നാൽ, മികച്ച പ്രകടനവുമായി മുന്നേറുന്ന ടീമിന്റെ സമ്മർദ്ദം കുറയ്ക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഫുട്ബോൾ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
രണ്ടാം ലോകകപ്പ് കിരീടത്തിനായുള്ള ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് ആറ് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഇനി മൂന്ന് വിജയങ്ങൾ കൂടി നേടിയാൽ മാത്രമേ കിരീടത്തിലേക്ക് ഇംഗ്ലണ്ടിന് എത്താനാകൂ. നായകൻ ഹാരി കെയ്‌നും യുവതാരം ജൂഡ് ബെല്ലിങ്ഹാമും നയിക്കുന്ന മുന്നേറ്റത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രധാന പ്രതീക്ഷ.
ടൂർണമെന്റിൽ ഇംഗ്ലണ്ട് നേടിയ 11 ഗോളുകളിൽ 10 എണ്ണവും കെയ്ൻ–ബെല്ലിങ്ഹാം സഖ്യത്തിന്റെ സംഭാവനയാണ്. സഹ ആതിഥേയരായ മെക്സിക്കോയെ കടുത്ത പോരാട്ടത്തിനൊടുവിൽ മറികടന്നാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. എന്നാൽ പ്രതിരോധത്തിലെ പിഴവുകൾ ടീമിന് ആശങ്കയാകുന്നുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും ഇംഗ്ലണ്ട് ഗോൾ വഴങ്ങിയിരുന്നു. പരിക്കുകളും ടീമിനെ അലട്ടുന്നുണ്ട്.
28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നോർവെ ലോകകപ്പിന്റെ വേദിയിലെത്തിയത്. പ്രീ ക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ച നോർവെ എതിരാളികളുടെ ശൈലിക്ക് അനുസരിച്ച് തന്ത്രങ്ങൾ മാറ്റുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഇംഗ്ലണ്ടിന് ഹാരി കെയ്ൻ ഉണ്ടെങ്കിൽ തങ്ങൾക്ക് മികച്ച ഫോമിലുള്ള ഗോൾകീപ്പർ ഓറിയൻ നൈലൻഡുണ്ടെന്നാണ് നോർവെയുടെ ആത്മവിശ്വാസം. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിലെ പോരായ്മകൾ മുതലെടുത്ത് എർലിങ് ഹാലണ്ടിന്റെ കരുത്തിലൂടെ മുന്നേറാനാണ് നോർവെ ലക്ഷ്യമിടുന്നത്.


