കോഴിക്കോട്: സംഘപരിവാർ ബന്ധമുള്ളവരെ സർക്കാർ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് സമസ്ത. വിഷയം യുഡിഎഫ് ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു.
വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്നും ആ നിലപാടിൽ മാറ്റമുണ്ടായോയെന്നത് യുഡിഎഫ് പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഇക്കാര്യം യുഡിഎഫിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.
സംഘപരിവാർ ബന്ധമുള്ളവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതിനെതിരെ സ്വാഭാവികമായും പ്രതിഷേധങ്ങൾ ഉയരുമെന്നും അത്തരം ആശങ്കകൾ യുക്തമായ രീതിയിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വർഗീയതയിലേക്ക് നയിക്കാതെ ജനാധിപത്യവും സാമൂഹിക സൗഹാർദ്ദവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ജനപിന്തുണ ലഭിച്ചതെന്നും സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി മുൻ നിലപാടിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. യുഡിഎഫിന്റെ ചർച്ചയും തീരുമാനവും വന്നതിന് ശേഷമായിരിക്കും സമസ്തയുടെ ഔദ്യോഗിക പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗവൺമെന്റ് പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവൽകരണം നടത്തുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ ആരോപിച്ചു. എബിവിപിയുടെ മുൻ സജീവ പ്രവർത്തകനെ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം വിമർശിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവരുടെ സ്വാധീനം വർധിച്ചുവെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.


