കൊച്ചി: എറണാകുളം പുതുവൈപ്പ് തീരക്കടലിൽ മീൻപിടിത്ത വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ സാബുവും ദേവസിയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
അതേസമയം, പള്ളിപ്പുറം കോൺവന്റ് ബീച്ച് ഉൾപ്പെടെ സമീപ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ശക്തമായ തിരമാലകൾ കടൽഭിത്തി മറികടന്ന് തീരദേശ റോഡിലേക്കും സമീപത്തെ വീടുകളുടെ പരിസരങ്ങളിലേക്കും ഇരച്ചുകയറി. പതിനഞ്ചോളം വീടുകളിൽ പതിവായി വെള്ളം കയറുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഈ വർഷം തിരമാലകളുടെ ശക്തി മുൻവർഷങ്ങളെക്കാൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളെയും കടൽക്കയറ്റം ബാധിച്ചിട്ടുണ്ട്. ശക്തമായ തിരമാലകൾക്കൊപ്പം മണൽ റോഡിലേക്ക് അടിഞ്ഞുകൂടിയതോടെ ഗതാഗതത്തിനും തടസ്സം നേരിടുന്നുണ്ട്.
കടലിൽ നിന്നുള്ള മാലിന്യങ്ങളും വൻതോതിൽ കരയിലേക്ക് അടിഞ്ഞുകൂടുന്നുണ്ട്. ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന ആശങ്കയും പ്രദേശവാസികൾ ഉയർത്തുന്നു. മുൻപ് കടൽക്ഷോഭം കാര്യമായി അനുഭവപ്പെടാതിരുന്ന നായരമ്പലം വെളിയത്താംപറമ്പ് ഉൾപ്പെടെയുള്ള തീരങ്ങളിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി കടൽക്കയറ്റം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് ദിവസമായി ചെറായി മേഖലയിൽ കടൽക്ഷോഭം ശക്തമായിരുന്നെങ്കിലും മറ്റ് ചില തീരങ്ങളിൽ തിരമാലകളുടെ തീവ്രത കുറവായിരുന്നു. പല പ്രദേശങ്ങളിലും സ്ഥാപിച്ച ജിയോ ബാഗ് ഭിത്തികൾ താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും വരുംദിവസങ്ങളിൽ തിരമാലകൾ കൂടുതൽ ശക്തമായാൽ സ്ഥിതി വീണ്ടും ഗുരുതരമാകുമോയെന്ന ആശങ്കയിലാണ് തീരദേശവാസികൾ.











