ടെഹ്‌റാൻ: യുഎസിന്റെ എഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ അവകാശവാദം. സെൻട്രൽ ഇറാനിലെ ആകാശത്ത് നൂതന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിമാനം തകർത്തതായാണ് ഐആർജിസി അറിയിച്ചത്. സംഭവത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്നു പറയുന്ന ചിത്രങ്ങളും ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പൈലറ്റ് കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് സൂചന. ഇതുവരെ യുഎസ് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
അതിക്രമിച്ച് കടന്ന യുഎസ് യുദ്ധവിമാനം പൂർണ്ണമായും നശിച്ചുവെന്നും തകർന്നുവീണുവെന്നും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി. പൈലറ്റിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ലെങ്കിലും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അവർ പറയുന്നു.
ഇതിനുമുമ്പും യുദ്ധത്തിനിടെ ഒരു എഫ്-35 വിമാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടിരുന്നു. 12 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന അവകാശവാദവും ഇറാൻ ഉയർത്തിയെങ്കിലും, ആദ്യ സംഭവത്തെ യുഎസ് സെൻട്രൽ കമാൻഡ് തള്ളി.
റഡാറുകൾക്ക് പോലും കണ്ടെത്താൻ പ്രയാസമുള്ള യുഎസിന്റെ ഏറ്റവും നൂതന സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിൽ ഒന്നാണ് എഫ്-35.




