കൊച്ചി:സിനിമയിലെ പീഡനവിവാദങ്ങളിലും അതിക്രമങ്ങളിലും ആഞ്ഞടിക്കാറുള്ള സംഘടനയായ ഡബ്ല്യുസിസി, രഞ്ജിത്തിന്റെ കാര്യത്തിൽ പുലർത്തുന്ന മൗനം വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് രഞ്ജിത്തുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചുള്ള രേവതിയുടെ പഴയ അഭിമുഖം വൈറലാകുന്നത്. രഞ്ജിത്തും രേവതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുൻപ് സിനിമാ മംഗളം അടക്കമുള്ള മാധ്യമങ്ങളിൽ ഗോസിപ്പുകൾ നിറഞ്ഞപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു രേവതി അന്ന് രംഗത്തെത്തിയത്.
അന്ന് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ പൊതുസമൂഹത്തിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നാണ് രേവതി കുറ്റപ്പെടുത്തിയത്. സൗഹൃദങ്ങൾക്ക് ലിംഗഭേദമില്ലെന്നും ഒരു സ്ത്രീയോട് പറയാൻ കഴിയാത്ത കാര്യങ്ങൾ പോലും വിപരീത ലിംഗത്തിലുള്ള സുഹൃത്തിനോട് പങ്കുവെക്കാൻ കഴിയുമെന്നും രേവതി അന്ന് വാദിച്ചു. “രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അത് തീർച്ചയാണ്. പക്ഷേ അതിനെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കുടുംബത്തിനും അനിയത്തിക്കും സത്യം അറിയാം” എന്നായിരുന്നു അന്ന് രേവതിയുടെ നിലപാട്.
മറ്റുള്ളവർക്കെതിരെ ആരോപണങ്ങൾ വരുമ്പോൾ സടകുടഞ്ഞെഴുന്നേൽക്കുന്ന ‘സ്ത്രീപക്ഷ പോരാളികൾ’ സ്വന്തം താവളത്തിലെ സുഹൃത്ത് പ്രതിക്കൂട്ടിലാകുമ്പോൾ മാത്രം മൗനം പാലിക്കുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. രഞ്ജിത്ത് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച രേവതി, ഇപ്പോൾ തന്റെ സുഹൃത്ത് നേരിടുന്ന ലൈംഗികാതിക്രമ കേസുകളിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്.
പൊതുസമൂഹത്തിന്റെ പ്രീതിക്ക് വേണ്ടി ജീവിക്കാൻ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച രേവതിയുടെ അന്നത്തെ അതേ ധൈര്യം ഇപ്പോൾ എവിടെപ്പോയി എന്നാണ് വിമർശകർ ചോദിക്കുന്നത്. സ്വന്തം സുഹൃത്ത് പ്രതിയാകുമ്പോൾ തത്വങ്ങളും ആദർശങ്ങളും മാറ്റിവെക്കുന്ന രീതി ഇരട്ടത്താപ്പാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ സംഘടനയുടെയും രേവതിയുടെയും ഔദ്യോഗിക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.




