കൊല്ലം: തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള ചെമ്പനരുവി വനമേഖലയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെരുപ്പിട്ടകാവ് മുള്ളുമല ഗിരിജൻ കോളനിയിൽ താമസിക്കുന്ന സുദേവൻ (53) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് തേൻ വിൽപ്പനയ്ക്കായി പോയ സുദേവനെ സമീപത്തെ കാട്ടിൽ നിന്നാണ് നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ വാർഡ് അംഗം കവിത സോമരാജൻ സ്ഥലത്തെത്തി പൊലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സുദേവന്റെ ശരീരത്തിൽ അരയ്ക്ക് താഴെ മുറിവുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
മരണകാരണം മുറിവുകളുമായി ബന്ധപ്പെട്ടതാണോ എന്നതും മുറിവുകൾ എങ്ങനെ സംഭവിച്ചതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമാകും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




