ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപം ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അലിയാൻസ ലിമയും യൂണിവേഴ്സിറ്റാരിയോ ഡി ഡിപോർട്ടസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് സംഭവം നടന്നത്. അപകടത്തിൽ 47 പേർക്ക് പരിക്കേറ്റതായും, ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രി ജുവാൻ കാർലോസ് വെലാസ്കോ ഗ്വെറേറോ അറിയിച്ചു.
അലജാൻഡ്രോ വില്ലാനുവേവ സ്റ്റേഡിയത്തിന് പുറത്തേക്ക് നൂറുകണക്കിന് ആരാധകർ കൂടി നിന്ന സമയത്താണ് അപകടം ഉണ്ടായത്. ആദ്യം സ്റ്റേഡിയം മതിൽ ഇടിഞ്ഞുവീണതാണ് അപകടകാരണമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ക്ലബ് അധികൃതർ അത് നിഷേധിച്ചു. സ്റ്റേഡിയത്തിന്റെ ഘടനയിൽ തകരാറുകളൊന്നുമില്ലെന്നും മതിലുകൾ ഇടിഞ്ഞുവീണിട്ടില്ലെന്നും ഫയർ ചീഫ് മാർക്കോസ് പജുവേലോ വ്യക്തമാക്കി.
ചിലർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പെറുവിയൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് അന്വേഷണം പ്രഖ്യാപിച്ചു. കായിക പരിപാടികളിലെ സുരക്ഷ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.




