വാഷിങ്ടൺ: അമേരിക്കയുടെ സൈനികശക്തി വർധിപ്പിക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വമ്പൻ പ്രതിരോധ ബജറ്റ് തയ്യാറാക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ബജറ്റായിരിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ബജറ്റിനേക്കാൾ 44 ശതമാനം വർധനവോടെ ഏകദേശം 1.5 ലക്ഷം കോടി ഡോളറിന്റെ ബജറ്റാണ് നിർദേശിക്കുന്നത്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ‘ഗോൾഡൻ ഡോം’ നടപ്പാക്കുന്നതിനുള്ള പ്രൊപ്പോസലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈനികരുടെ ശമ്പളം 5 മുതൽ 7 ശതമാനം വരെ വർധിപ്പിക്കാനും പദ്ധതിയുണ്ട്.
2026 ഒക്ടോബർ 1ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ളതാണ് പുതിയ ബജറ്റ്. നിലവിലെ വർഷത്തിൽ ഇത് ഏകദേശം ഒരു ലക്ഷം കോടി ഡോളറായിരുന്നു. അതേസമയം, സൈനികേതര ചെലവുകൾ 10 ശതമാനം കുറയ്ക്കാനാണ് തീരുമാനം. മറ്റ് വകുപ്പുകൾക്ക് നൽകുന്ന ഫണ്ടിലും വെട്ടിക്കുറയ്ക്കൽ ഉണ്ടാകും. ചെറുകിട ബിസിനസ് വകുപ്പിലാണ് ഏറ്റവും വലിയ കുറവ് വരുന്നത്. കൂടാതെ നാഷണൽ സയൻസ് ഫൗണ്ടേഷൻ, കാലാവസ്ഥ സംരക്ഷണ ഏജൻസികൾക്ക് നൽകുന്ന ഫണ്ടും പകുതിയാക്കും.




