കോഴിക്കോട് : മുസ്ലിംലീഗ് സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്ത നൂർബിന റഷീദിനെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. അച്ചടക്കലംഘനത്തിന് വിശദീകരണം ചോദിച്ച് നൂർബിനയ്ക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി സലാം പറഞ്ഞു.
പാർട്ടി ഒരു തീരുമാനം എടുത്താൽ അതാണ് എല്ലാവരുടെയും നിലപാട്. 25 ലക്ഷം അംഗങ്ങൾ ഉള്ള പാർട്ടിയിയാണ് ലീഗ്. ഈ ഒരാൾ അല്ലാതെ വേറെയാരും ഇത്തരത്തിൽ പ്രതികരിച്ചിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. ചായ കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ് നൂർബിനയുടെ പ്രതികരണം. നൂർബിന തെറ്റ് തിരുത്തി തിരിച്ച് വരുമെന്നാണ് വിശ്വാസം. ഇല്ലെങ്കിൽ വിശദീകരണം ചോദിച്ച് നടപടിയെടുക്കുമെന്നും സലാം വ്യക്തമാക്കി.















