ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നു. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച തുടരുമ്പോൾ ഡൽഹി ഉൾപ്പെടെയുള്ള സമതല മേഖലകളിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും അനുഭവപ്പെടുന്നു.
ഏപ്രിൽ 10 വരെ ഈ സ്ഥിതി തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്മീരും ഹിമാചൽ പ്രദേശും ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമായി പുതിയ മഞ്ഞ് വീണത് ഗതാഗത തടസ്സങ്ങൾക്ക് ഇടയാക്കി. ലഹോൾ-സ്പിതി, കുളു മേഖലകൾ മുഴുവനായി മഞ്ഞിൽ മൂടപ്പെട്ടിരിക്കുകയാണ്.
അതേസമയം ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴയാണ് ലഭിക്കുന്നത്. ഡൽഹിയിൽ ശനിയാഴ്ച രാത്രി വരെ മഴ തുടർന്നത് താപനില ഗണ്യമായി കുറയാൻ കാരണമായി. കൊയ്ത്തിനൊരുങ്ങിയ ഗോതമ്പ് കൃഷി വ്യാപകമായി നശിക്കുന്നതോടെ കർഷകർ ആശങ്കയിലാണ്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഗോതമ്പ് കർഷകർക്കും രാജസ്ഥാനിലെ ജീരകം, ഇസബ്ഗോൾ കർഷകർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആലിപ്പഴ വീഴ്ചയും ശക്തമായ കാറ്റും വിളകൾ നിലംപൊത്താൻ ഇടയാക്കി.
വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ എത്താൻ സാധ്യതയുള്ളതിനാൽ ഷിംല ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ 7, 8 തീയതികളിൽ വീണ്ടും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




