തിരുവനന്തപുരം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പാമ്പാടി പത്താഴക്കുഴി സ്വദേശിയായ അനീഷ് മോഹന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. തുടർന്ന് റോഡ് മാർഗം കൊൽക്കത്ത വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നോർകയുടെ ഇടപെടലിൽ വൈകിട്ട് മൂന്നരയോടെ മൊബൈൽ യൂണിറ്റിൽ എംബാം ചെയ്തു.
രാത്രി 11 മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിക്കുക. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി ആംബുലൻസ് സൗകര്യവും നോർക ഒരുക്കിയിട്ടുണ്ട്.
സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനിടെ തുരങ്കം തകർന്നുണ്ടായ അപകടത്തിലാണ് അനീഷ് മോഹൻ മരിച്ചത്.


