തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലാ കളക്ടറോടാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. തുടർനടപടികൾ സംബന്ധിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലാണ് കൃഷ്ണദാസ് വിവാദ പരാമർശങ്ങൾ നടത്തിയത്. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ഭരണം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കും നിയന്ത്രിക്കുകയെന്നും, ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നുമാണ് പ്രസംഗത്തിൽ കൃഷ്ണദാസ് പറഞ്ഞത്. കേരളം അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, പ്രസംഗത്തെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. പാർട്ടിക്ക് ഇത്തരം നിലപാട് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




