പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയതോടെ യു.ഡി.എഫ് ഉയർത്തിയ വാദങ്ങൾ തള്ളിപ്പോയെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.ബി. രാജേഷ്. വിഷയത്തിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും പരിഹസിച്ച് എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.
ലീഗ് എം.പി. അബ്ദുൽ വഹാബിന്റെയും കോൺഗ്രസ് എം.പി. ജെബി മേത്തറിന്റെയും ചോദ്യങ്ങൾക്ക് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടികളാണ് എം.ബി. രാജേഷ് തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചാൽ പിന്നീട് പിന്മാറാനാകില്ലെന്ന യു.ഡി.എഫ് വാദം പാർലമെന്റിലെ മറുപടിയിലൂടെ തെറ്റാണെന്ന് തെളിഞ്ഞുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
കേരളത്തിന് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി പ്രത്യേക ധനസഹായം അനുവദിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള സമഗ്ര ശിക്ഷ പദ്ധതിയുടെ ഫണ്ടാണ് ലഭിച്ചതെന്നും കേന്ദ്രം വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രത്തിന്റെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ, പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ തടസ്സമില്ലെന്നും അങ്ങനെ ചെയ്താൽ പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ മാത്രമാണ് നഷ്ടമാകുകയെന്നും കേന്ദ്രം വ്യക്തമാക്കിയതായി എം.ബി. രാജേഷ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നേതാക്കളുടെ മുൻ നിലപാടുകളെ വിമർശിച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.
രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി പ്രകാരം, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുകയോ പദ്ധതിയിൽ ചേരാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ. കേരളം ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഇതുവരെ കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.




