മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ആഹാരത്തിലെ പോഷകങ്ങളെ വേർതിരിക്കുക, ശരീരത്തിലെ വിഷാംശങ്ങളെ അരിച്ച് പുറന്തള്ളുക, ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങി അഞ്ഞൂറിലേറെ സുപ്രധാന ധർമ്മങ്ങളാണ് കരൾ നിർവഹിക്കുന്നത്. അപ്പോൾ ആ കരൾ പണിമുടക്കിയാലോ?
കരളിന്റെ അൻപത് ശതമാനത്തിലധികം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാൽ പോലും വലിയ ലക്ഷണങ്ങൾ പുറത്തുകാണിക്കാറില്ല എന്നതുകൊണ്ടാണ് കരൾ രോഗങ്ങളെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്.
കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ നോക്കാം
വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണവും ഉന്മേഷക്കുറവും.
വയറിന്റെ വലതുവശത്ത് മുകളിലായി അനുഭവപ്പെടുന്ന ഭാരവും നേരിയ വേദനയും.
ഭക്ഷണത്തോടുള്ള അരുചി, ഇടയ്ക്കിടെ ഉണ്ടാകുന്ന ഓക്കാനം.
കണ്ണുകളിലും ചർമ്മത്തിലും ഉണ്ടാകുന്ന നേരിയ മഞ്ഞനിറം (മഞ്ഞപ്പിത്തം), മൂത്രത്തിന് കടും മഞ്ഞനിറം.
കാൽപ്പാദങ്ങളിലോ അടിവയറ്റിലോ ദ്രാവകം കെട്ടിക്കിടന്ന് ഉണ്ടാകുന്ന നീര് (Ascites).
ശരീരത്തിൽ കടും ചൊറിച്ചിലും പെട്ടെന്ന് പാടുകൾ വീഴുന്ന പ്രവണതയും.
വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ കാരണങ്ങൾ
വൈറൽ ഹെപ്പറ്റൈറ്റിസ് (Hepatitis B & C)
ഫാറ്റി ലിവർ: കരളിൽ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ
അമിതമായ മദ്യപാനം: കരൾ കോശങ്ങൾ നശിക്കുന്നതിനും ലിവർ സിറോസിസിനും കാരണമാകുന്നു.
സ്വയം ചികിത്സയും വിഷാംശങ്ങളും: അനാവശ്യ മരുന്നുകളോ രാസവസ്തുക്കളോ ഉപയോഗിക്കുന്നത്.



