കോഴിക്കോട്: സഹകരണ മേഖലയിലെ വീഴ്ചകൾ തിരുത്തുന്നതിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങളുമായി സിപിഐഎം. പാർട്ടി നേതാക്കൾ എടുത്തിട്ടുള്ള വലിയ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കണമെന്നും തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർക്ക് പാർട്ടി നടപടി നേരിടേണ്ടിവരുമെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു.
സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകൾക്കും ഇത്തരം വിഷയങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും നിർദ്ദേശമുണ്ട്. വായ്പ എടുക്കുമ്പോഴും സംരംഭങ്ങൾ ആരംഭിക്കുമ്പോഴും പാർട്ടിയെ വിവരം അറിയിക്കണമെന്നും സംസ്ഥാന കമ്മിറ്റി നിർദേശിച്ചു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട് കരുവന്നൂർ ഉൾപ്പെടെയുള്ള തട്ടിപ്പ് കേസുകൾ ചർച്ചയായ സാഹചര്യത്തിലാണ് പാർട്ടിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധേയമാകുന്നത്. വായ്പ എടുക്കുന്നതിലും തിരിച്ചടയ്ക്കുന്നതിലും കൃത്യമായ മാർഗനിർദ്ദേശങ്ങൾ വേണമെന്ന നിലപാട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാർട്ടിയിൽ കൂടുതൽ വനിതകൾക്ക് നേതൃസ്ഥാനങ്ങൾ നൽകാനും വിപുലീകൃത സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകി. വർഗ-ബഹുജന സംഘടനകളുടെ യൂണിറ്റ് തലത്തിൽ കുറഞ്ഞത് ഒരു വനിതാ ഭാരവാഹിയെങ്കിലും ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വീഴ്ചകൾ ഉണ്ടായാൽ താനും പിണറായി വിജയനും സ്വയം തിരുത്താൻ തയ്യാറാണെന്ന് ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു. ഇഎംഎസ്, വി.എസ്. അച്യുതാനന്ദൻ, ഇ.കെ. നായനാർ തുടങ്ങിയ നേതാക്കളുടെ ഭാഗത്തുണ്ടായ വീഴ്ചകളും പാർട്ടി തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












