തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6:15 മുതൽ അർധരാത്രി 12:45 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് അടിസ്ഥാനത്തിൽ ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രമേ വൈദ്യുതി നൽകാൻ കഴിയൂ എന്നാണ് മധ്യപ്രദേശ് അറിയിച്ചിട്ടുള്ളത്.
നിലവിൽ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ട്. കുറവ് നികത്താനായി 25 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കെഎസ്ഇബിക്ക് ലഭിച്ചിട്ടുള്ളത്. റിയൽ ടൈം മാർക്കറ്റിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നും കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കാതിരിക്കുകയും ഗ്രിഡ് ഫ്രീക്വൻസി കുറയുകയും ചെയ്താൽ രാത്രി 12:45 വരെയുള്ള സമയപരിധിക്കുള്ളിൽ നിയന്ത്രണം അനിവാര്യമായി വരും.


