കോഴിക്കോട്: പോളിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ‘ബീപ്പ്’ ശബ്ദം കേൾക്കുന്നതിന് മുൻപേ വോട്ടർ മടങ്ങിയതിനെത്തുടർന്ന് കണ്ണങ്കരയിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കണ്ണങ്കര ഇച്ചന്നൂർ സ്കൂളിലെ 101-ാം നമ്പർ ബൂത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ രണ്ട് കിലോമീറ്റർ അകലെയെത്തിയ വോട്ടറെ ബൈക്കിൽ പോയി തിരികെ എത്തിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.
ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർ പുറത്തേക്ക് പോയി. എന്നാൽ മെഷീനിൽ നിന്നും ശബ്ദം വരാത്തത് ശ്രദ്ധയിൽപ്പെട്ട പോളിങ് ഏജന്റുമാരും ഉദ്യോഗസ്ഥരും വിവരം അറിയിക്കുമ്പോഴേക്കും വോട്ടർ ബൂത്ത് പരിസരം വിട്ടിരുന്നു.
വോട്ട് മെഷീനിൽ പതിഞ്ഞിട്ടില്ലെന്ന് ഉറപ്പായതോടെ വോട്ടറെ കണ്ടെത്താനുള്ള ശ്രമമായി. ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരം പിന്നിട്ട വോട്ടറെ ബൂത്തിലുണ്ടായിരുന്ന ഒരാൾ ബൈക്കിൽ പിന്തുടർന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ തിരികെ ബൂത്തിലെത്തിച്ച്, ആദ്യ വോട്ട് പോൾ ചെയ്തിട്ടില്ലെന്ന് സാങ്കേതികമായി ഉറപ്പുവരുത്തിയ ശേഷമാണ് വീണ്ടും വോട്ട് ചെയ്യാൻ അനുവദിച്ചത്.
ഈ സംഭവത്തെത്തുടർന്ന് 101-ാം നമ്പർ ബൂത്തിൽ പോളിങ് അല്പസമയം വൈകി. വോട്ടറെ തിരികെ എത്തിച്ച് ജനാധിപത്യപരമായ അവകാശം കൃത്യമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.




