ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിനിടയിലും പൊലീസിന്റെ മിന്നൽ പരിശോധനയിൽ 1.20 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഝാർഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോ (26) ആണ് ചന്തിരൂരിൽ അറസ്റ്റിലായത്.
ഉച്ചയ്ക്ക് മൂന്നുമണിയോടെ ചന്തിരൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപം കഞ്ചാവുമായി ഇയാൾ നിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസമായി ചെമ്മീൻ സംസ്കരണശാലയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
ജാർഖണ്ഡിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി സമീപ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളും റെയ്ഡുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.




